01:28am 27 July 2026
NEWS
അമ്മമാർ മകന്റെ ഭാര്യയെ ആ വിഭവങ്ങളുണ്ടാക്കാൻ പഠിപ്പിക്കണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ
26/07/2026  09:16 PM IST
nila
അമ്മമാർ മകന്റെ ഭാര്യയെ ആ വിഭവങ്ങളുണ്ടാക്കാൻ പഠിപ്പിക്കണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

ഒരു പൊതുചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. പരമ്പരാഗത ഭക്ഷണരീതികൾ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'പരമ്പരാഗതമായ എല്ലാം നിലനിര്‍ത്തേണ്ടതാണ്. ഞാന്‍ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്ക് അത് പകർന്ന് കൊടുക്കുന്നില്ല, ആ മക്കളെ കൊണ്ട് കൂടിയോ മകന്‍റെ ഭാര്യയായി വരുന്ന ആള്‍ക്കെങ്കിലും ആ ഭക്ഷണത്തിന്‍റെ പ്രത്യേകത പറഞ്ഞ് കൊടുക്കണം,' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഈ പരാമർശം ലിംഗസമത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. പാചകം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമായി കാണുന്ന സമീപനമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും, ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും പാചകം പഠിക്കണമെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന ആരോപണവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

വീട്ടുജോലികൾ ആൺ,പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരുത്തി. എന്നിട്ടും....!! എന്നാണ് മുൻവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

എഴുത്തുകാരി ശാരദക്കുട്ടി രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത്. 'ചുമ്മാതല്ല , ജന്തർ മന്ദിറിലെ സമരപ്പന്തലിലെ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാ പൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു. പാരമ്പര്യം പകർന്നു കൊടുക്കാനൊക്കെ ഇക്കാലത്തെ അമ്മമാർ പോലും ധൈര്യപ്പെടാത്തിടത്താണ്.  അമ്മു ദീപയുടെ ഒരു കവിത ഞാനങ്ങു സമർപ്പിക്കുന്നു. വെറുതെ വായിച്ചിട്ടു കാര്യമില്ല, ബുദ്ധി ഒന്ന് നന്നായി കഴുകി ഉണക്കിയെടുക്കണം.

"എന്റെ അമ്മേടമ്മേടമ്മയ്ക്ക്

സൊന്തായിട്ടൊരമ്മിക്കല്ലുണ്ടാർന്നു.

അമ്മേടമ്മേടമ്മേടമ്മ അത്

അമ്മമ്മയ്ക്ക് കൊടുത്തു.

അമ്മമ്മ അത് അമ്മയ്ക്കു കൊടുത്തു.

അമ്മ അത് എനിക്ക് തന്നു.

ഞാനതെടുത്ത് എന്റെ മകളുടെ തലയ്ക്കിട്ടു.

ഞങ്ങളുടെ താവഴി അന്യംനിന്നു പോയതങ്ങിനെയാണ്,' എന്നാണ് ശാരദക്കുട്ടി കുറിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img